
തിരുവനന്തപുരം കോർപ്പറേഷനിലെ ഒപ്പ് വിവാദവുമായി ബന്ധപ്പെട്ട് കൗൺസിൽ ഹാളിലെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് കോർപ്പറേഷൻ. വിവാദവുമായി ബന്ധപ്പെട്ട് ഇടത് കൗൺസിലർ എസ്.പി. ദീപക് ക്യാമറ ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിനാണ് കോർപ്പറേഷൻ്റെ മറുപടി.
ശക്തമായ നിയമ പോരാട്ടം നടത്തുമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് തടിതപ്പാനാണ് മേയർ ശ്രമിക്കുന്നതെന്നും ദീപക് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കൗൺസിൽ യോഗത്തിൽ കൗൺസിലർ സുഗതൻ പങ്കെടുത്തതിന് തെളിവുണ്ടെന്ന് മേയർ വി.വി. രാജേഷ് പറഞ്ഞു. ഒപ്പ് വിവാദമായ മൂന്ന് യോഗങ്ങളിലും സുഗതൻ പങ്കെടുത്തിട്ടുണ്ടെന്നും, കോർപ്പറേഷൻ ഫോട്ടോഗ്രാഫറുടെ കൈവശം ഇതിൻ്റെ ചിത്രങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിയതിയും സമയവും ഉൾപ്പെടെയുള്ള ഈ ചിത്രങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു.
ഏപ്രിൽ 27 ലെ യോഗത്തിൽ സുഗതൻ ഇരിക്കുന്നത് അന്ന് സിപിഎം നേതാവ് എസ്.പി. ദീപക് എഫ്.ബിയിൽ ഇട്ട പോസ്റ്റിലുണ്ടെന്നും, സ്വന്തം എഫ്.ബി പോസ്റ്റെങ്കിലും നോക്കിയിട്ട് വേണം ദീപക് ആരോപണം ഉന്നയിക്കാനെന്നും മേയർ വി.വി. രാജേഷ് കുറ്റപ്പെടുത്തി.
Photo Courtesy - Google










